തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍
കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവരെ കണ്ണൂര്‍ ജയിലിലെത്തിച്ചു
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ട പ്രതികളെയും കൂട്ടുപ്രതികളായ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള സി പി എം പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാവ് പി ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ എ പീതാംബരനെയും ജയരാജന്‍ സന്ദര്‍ശിച്ചു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയാണ് ജയരാജന്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ചത്.
കണ്ണൂരിലെ ജയിലിലെത്തിച്ച പ്രതികളെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്. കുറ്റവാളികളുടെ അപേക്ഷ പരിഗണിച്ച് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ ജയില്‍ മാറ്റിയത്.
മണികണ്ഠന്‍ സിപിഐഎമ്മിന്റെ ഏരിയ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മറ്റി അംഗമാണ്. അവര്‍ ഉള്‍പ്പടെയുള്ള അഞ്ച് സഖാക്കളെ കണ്ട് സംസാരിച്ചു. അവര്‍ക്ക് എന്റെ ഒരു പുസ്തകവും കൊടുത്തു. ജയില്‍ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. നല്ല വായനക്കാരാണവര്‍. വായിച്ച് അവര്‍ പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാന്‍ പോകുന്നില്ല. തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാഭാവികമായും പറഞ്ഞുവെച്ചതാണ്. പി ജയരാജന്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം അവസാനിപ്പിക്കണമെന്നാണ് സിപിഐഎമ്മും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമ സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കണമെന്നാണ് കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് 1 മുതല്‍ 8 വരെ പ്രതികള്‍.