പി രാജുവിന്റെ സംസ്‌കാരം ഇന്ന്; സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം

അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാല് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പറവൂരിലേക്ക് കൊണ്ടുപോകും
പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷമാകും സംസ്‌കാര ചടങ്ങുകൾ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. അതേസമയം പി രാജുവിന്റെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കാൻ കുടുംബം അനുമതി നൽകിയില്ല
രാജുവിനെ പാർട്ടിയിൽ ഉപദ്രവിച്ച നേതാക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. അഴിമതി ആരോപണം ഉന്നയിച്ച് രാജുവിനെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആരോപണം തെറ്റാണെന്ന് കണ്ടിട്ടും രാജുവിന്റെ തിരിച്ചുവരവിന് ജില്ലാ നേതൃത്വം തടസ്സം നിന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.