പഹല്‍ഗാമിലേത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം; ഉത്തരവാദിത്തമേറ്റെടുത്ത് ദി റസിസ്റ്റന്റ് ഫ്രണ്ട്

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായത് സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇരുപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മലയാളികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റസിസ്റ്റന്റ് ഫ്രണ്ട് എന്ന ഭീകര സംഘടന ഏറ്റെടുത്തു. ലഷ്‌കർ ഇ ത്വയിബയുടെ പ്രാദേശിക വിഭാഗമാണ് ഈ സംഘടന
ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. പരുക്കേറ്റ നിരവധിയാളുകൾ ചികിത്സയിലാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരാൾ കർണാടകയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
എൻഐഎ സംഘം നാളെ രാവിലെ സ്ഥലത്ത് പരിശോധന നടത്തും. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനും മൃതദേഹങ്ങൾ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുമുള്ള നടപടികൾ നടന്നുവരികയാണ്. സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരർ ആണ് വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരിൽ ഒരാളെയും വെറുതെവിടില്ലെന്നും ക്രൂരമായ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സൗദിയിലുള്ള പ്രധാനമന്ത്രി പറഞ്ഞു. നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയനാകവും മാപ്പ് അർഹിക്കാത്ത തെറ്റുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു