ഇന്ത്യക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി; സുരക്ഷാ കൗൺസിൽ യോഗം ചേരും

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നയതന്ത്ര രംഗത്തുള്ള ഇന്ത്യയുടെ നീക്കങ്ങൾ ചർച്ച ചെയ്യാൻ പാക് ദേശീയ സുരക്ഷാ കൗൺസിൽ യോഗവും ഇന്ന് ചേരും. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം ചർച്ച ചെയ്യും. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം. ഇന്ത്യക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇസ്ലാമാബാദിൽ പറഞ്ഞു
പാക് സേനകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളത്. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ വലിയ ഇരകളിൽ ഒന്ന്. ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു
ഇന്ത്യ-പാക് യുദ്ധങ്ങൾ നടന്നപ്പോൾ പോലും മരവിപ്പിക്കാത്ത സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ തീരുമാനം കനത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് നൽകിയിരിക്കുന്നത്. കൂടാതെ വാഗ അട്ടാരി ചെക്ക് അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.