NationalWorld

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വേണ്ടെന്ന് പ്രഖ്യാപിച്ചു; പിന്നാലെ മരുന്നിനായി നെട്ടോട്ടം: ഗര്‍വ് കാട്ടി തിരിച്ചടിക്കാനുള്ള പാക് സര്‍ക്കാര്‍ ശ്രമം വിനയായി

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിന് മറുപടിയായി പാകിസ്താന്‍ താല്‍ക്കാലികമായി ന്യൂഡല്‍ഹിയുമായുള്ള എല്ലാ വ്യാപാര ബന്ധവും നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ പാകിസ്താനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ സ്വീകരിച്ചതോടെ തങ്ങളും തിരിച്ചടിക്കുമെന്ന് കാണിക്കാനാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് മരുന്ന് വിതരണം ഉറപ്പാക്കുന്നതിനായി അടിയന്തര നീക്കങ്ങളിലേക്ക് കടക്കാന്‍ പാകിസ്താന്‍ ആരോഗ്യരംഗം നിര്‍ബന്ധിതമായതായാണ് റിപ്പോര്‍ട്ട്.

പാകിസ്താനിലെ ആരോഗ്യവകുപ്പ് മരുന്നു വിതരണം മുടക്കമില്ലാതെ നടക്കാനായി അടിയന്തര നടപടികളിലേക്ക് കടന്നു. ന്യൂഡല്‍ഹിയുമായുള്ള എല്ലാ വ്യാപാരബന്ധവും നിര്‍ത്തിവെക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചതോടെ ഏറ്റവും അവശ്യസേവനമായ മരുന്നു വിതരണത്തിലാണ് പാകിസ്താന്‍ പ്രതിസന്ധിയിലായത്. പാകിസ്താന്‍ സര്‍ക്കാരെടുത്ത തീരുമാനം പാകിസ്താനിലെ മരുന്നു ലഭ്യത സംബന്ധിച്ച ആശങ്കയ്ക്ക് കാരണമായെന്നും വിതരണം ഉറപ്പാക്കാന്‍ ആരോഗ്യ വിഭാഗം അടിയന്തര നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പാകിസ്താനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര സാഹചര്യം നേരിടാനുള്ള പദ്ധതികള്‍ ഇതിനകം തയ്യാറാണെന്ന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്താന്‍ (ഡിആര്‍എപി) സ്ഥിരീകരിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെ 30 ശതമാനം മുതല്‍ 40 ശതമാനംവരെ വരെ പാകിസ്താന്‍ ഇന്ത്യയില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അവശ്യ മരുന്നടക്കം വിവിധ നൂതന ചികിത്സാ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയുമായുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബദല്‍ സ്രോതസുകള്‍ തേടുകയാണ് പാകിസ്താനിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍.

പേവിഷബാധയ്‌ക്കെതിരായ വാക്‌സിനുകള്‍, പാമ്പ് വിഷത്തിനുള്ള മറുമരുന്ന്, കാന്‍സര്‍ ചികിത്സയും കിമോ തെറാപ്പികള്‍, മോണോക്ലോണല്‍ ആന്റിബോഡികള്‍, മറ്റ് നിര്‍ണായക ജൈവ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാനാണ് പാകിസ്താന്ഡ ഇപ്പോള്‍ നെട്ടോട്ടമോടുന്നത്.

ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാനായി വ്യാപാരം നിര്‍ത്തിവെച്ചതിന്റെ പ്രത്യാഘാതങ്ങള്‍ പാകിസ്താന്‍ നേരിടുകയാണ്. ഈ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് വ്യവസായ രംഗത്തെ പ്രമുഖരും ആരോഗ്യ വിദഗ്ധരും പാക് ഭരണാധിരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരുന്ന്
വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഗുരുതരമായ മരുന്ന് ക്ഷാമത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യമേഖല ഭയപ്പെടുന്നുണ്ട്. ഒപ്പം മരുന്നുകളുടെ കരിഞ്ചന്തയും രാജ്യത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ മരുന്നുകള്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ദുബായ്, കിഴക്കന്‍ അതിര്‍ത്തി എന്നിവയിലൂടെ പോലും പാകിസ്ഥാനിലേക്ക് കടത്തുന്നുണ്ട്. ശക്തമായ കരിഞ്ചന്ത വളര്‍ന്നുപടര്‍ന്നിരിക്കുന്ന സ്ഥിതി പാകിസ്താനിലെ ആരോഗ്യ മേഖലയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യാപാര നിരോധനത്തില്‍ നിന്ന് ഇളവ് തേടുന്നതിനായി ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ പ്രമുഖരുടെ ഒരു പ്രതിനിധി സംഘം വ്യാഴാഴ്ച ഇസ്ലാമാബാദിലെത്തിയിരുന്നു. ഡിആര്‍എപി, വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായി അവര്‍ കൂടിക്കാഴ്ച നടത്തി. അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് മാത്രം ലഭിക്കുന്ന നിരവധി ജീവന്‍ രക്ഷാ ഉല്‍പ്പന്നങ്ങള്‍ ഉള്ളതിനാല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പാകിസ്താനിലെ വ്യാവസായിക സംഘം ആവശ്യപ്പെട്ടുവെന്ന് പാകിസ്താന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (പിപിഎംഎ) ചെയര്‍മാന്‍ തൗഖീര്‍-ഉല്‍-ഹഖ് പറഞ്ഞിട്ടുമുണ്ട്. പാക് സര്‍ക്കാരിന്റെ എടുത്തുചാട്ടം രാജ്യത്തെ ആരോഗ്യമേഖലയേയും സാധാരണക്കാരായ ജനങ്ങളേയും വലയ്ക്കുകയാണ്.

Related Articles

Back to top button
error: Content is protected !!