National

മകനെ ഉപേക്ഷിച്ച് നിയന്ത്രണരേഖ കടന്ന സുനിതയെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി; വിശദമായി ചോദ്യം ചെയ്യും

മകനെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ച് നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പൂർ സ്വദേശിനി സുനിത ജാംഗഡെയെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി. പാക് ഉദ്യോഗസ്ഥർ ബി എസ് എഫ് ഉദ്യോഗസ്ഥർക്കാണ് സുനിതയെ കൈമാറിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ അമൃത്സർ പോലീസിൽ ഏൽപ്പിച്ചു

ഇവരെ കസ്റ്റഡിയിലെടുക്കാനായി നാഗ്പൂർ പോലീസ് അമൃത്സറിലേക്ക് തിരിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് നാഗ്പൂർ ഡെപ്യൂട്ടി കമ്മീഷണർ നികേതൻ കദം പറഞ്ഞു. ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തിയിലോ സുനിത ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും.

യുവതിയെ സ്വദേശത്ത് തിരികെ എത്തിച്ചാലുടൻ അവിടുത്തെ സ്‌റ്റേഷനിലേക്ക് മാറ്റുമെന്നും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. മെയ് 14നാണ് ഇവർ നിയന്ത്രണ രേഖ കടന്നത്. മെയ് 4നാണ് ഇവർ 13 വയസ്സുള്ള മകനുമൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ജമ്മു കാശ്മീരിലെ കാർഗിലിൽ എത്തി

മകനെ അതിർത്തി ഗ്രാമത്തിൽ നിർത്തി ഇപ്പോ വരാമെന്ന് പറഞ്ഞ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. കുട്ടിയെ ഒറ്റയ്ക്ക് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണുള്ളത്.

നേരരത്തെയും സുനിത പാക്കിസ്ഥാനിലേക്ക് കടക്കാൻ രണ്ട് തവണ ശ്രമിച്ചിരുന്നു. രണ്ട് തവണയും അട്ടാരി അതിർത്തിയിൽ വെച്ച് ഇവരെ തടഞ്ഞിരുന്നു. ഓൺലൈൻ വഴി പരിചയപ്പെട്ട് പ്രണയത്തിലായ ആളെ കാണാനാണ് സുനിത അതിർത്തി കടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button
error: Content is protected !!