Sports

ഹമ്പമ്പോ ഇതെന്തൊരു സ്‌കോര്‍

പാക്കിസ്ഥാനില്‍ റണ്‍മല തീര്‍ത്ത് ഇംഗ്ലണ്ട്

ഇസ്ലാമാബാദ് : ആതിഥേയര്‍ക്കെതിരെ റണ്‍മല തീര്‍ത്ത് ഇംഗ്ലണ്ട്. മുള്‍ട്ടാനില്‍ നടക്കുന്ന ടെസ്റ്റില്‍ 823 എന്ന കൂറ്റന്‍ സ്‌കോറാണ് പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഒട്ടേറെ റെക്കോഡുകള്‍ പിറന്ന മത്സരത്തില്‍ ഹാരി ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചുറിയും ജോ റൂട്ട് ഇരട്ടസെഞ്ചുറിയും നേടി. 150 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 267 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിനുള്ളത്. ഒന്നര ദിവസത്തോളം കളി ബാക്കിനില്‍ക്കെ, മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ് ഒന്നാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ 556 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

ഇംഗ്ലണ്ട് നേടിയ 823 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ സ്‌കോറാണ്. 322 പന്തില്‍ 29 ഫോറും മൂന്നു സിക്‌സും സഹിതം 317 റണ്‍സെടുത്താണ് ഹാരി ബ്രൂക്ക് പുറത്തായത്. ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ ആറാമത്തെ ട്രിപ്പിള്‍ സെഞ്ചറിയും ഈ നൂറ്റാണ്ടിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയുമാണ്. ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറിയുമാണ് ബ്രൂക്കിന്റേത്. 310 പന്തിലാണ് ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. 287 പന്തുകളില്‍ 300 അടിച്ച ഇന്ത്യയുടെ വിരേന്ദര്‍ സേവാഗാണ് അതിവേഗ ട്രിപ്പിള്‍ സെഞ്ചുറിയില്‍ ആദ്യ സ്ഥാനത്ത്.

പാകിസ്ഥാനെതിരെ പിറക്കുന്ന അഞ്ചാമത്തെ ട്രിപ്പിള്‍ സെഞ്ചറിയുമാണിത്.
ഇംഗ്ലണ്ടിനെതിരെ 267 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ആറിന് 152 എന്ന നിലയിലാണ്.

രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ അബ്ദുള്ള ഷെഫീഖിന്റെ (0) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ക്രിസ് വോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാമതെത്തിയ ഷാന്‍ മസൂദിന് 11 റണ്‍സെടുക്കാനാണ് സാധിച്ചത്. ബാബര്‍ അസം (5) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇതിനിടെ സെയിം അയൂബ് (25) പവലിയനില്‍ തിരിച്ചെത്തി. സൗദ് ഷക്കീല്‍ (29), മുഹമ്മദ് റിസ്വാന്‍ (10) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

 

Related Articles

Back to top button