
കളിയാകുമ്പോള്‍ ചിലപ്പോള്‍ ഫോമിലാകും ചിലപ്പോള്‍ ഫോം ഔട്ടാകും. അതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ നിരന്തരം ഫോം ഔട്ടാകുകയും തീരെ സ്ട്രാറ്റജിക്കല്‍ അല്ലാതെ കളിക്കുകയും ചെയ്യുന്നവര്‍ സ്ഥിരമായി ടീമിലുണ്ടാകുകയെന്ന് പറയുന്നത് അത്ര സ്വാഭാവികമല്ല. പ്രത്യേകിച്ച് ആ സ്ഥാനത്തേക്ക് യോഗ്യരായ നിരവധി പേര് ഉണ്ടാകുമ്പോള്‍. ഐ പി എല്ലില്‍ ഏറ്റവും വലിയ തുകക്ക് വിറ്റഴിക്കപ്പെട്ടൂവെന്നത് ടെസ്റ്റ് ക്രിക്കറ്റിലെ യോഗ്യതയല്ലല്ലോ. പറഞ്ഞുവരുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കുറിച്ചാണ്.
ഓസ്ട്രേലിയയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പതിവ് പോലെ രോഹിത്തിനും കോലിക്കുമൊപ്പം ഫോം ഔട്ടായിക്കൊണ്ടിരിക്കുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.
രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെങ്കിലും വിക്കറ്റിന് പിന്നില്‍ നിന്ന് ജാഗ്രത പാലിക്കേണ്ടിയിരുന്ന റിഷഭ് പന്തിന് കുറച്ചുകൂടെ കൂടുതലുണ്ട്. അത്രയേറെ അബദ്ധങ്ങളാണ് പിങ്ക് ടെസ്റ്റില്‍ റിഷഭ് പന്തില്‍ നിന്നുണ്ടായത്. പന്തിന്റെ ഓരോ അബദ്ധങ്ങളും ഉപയോഗപ്പെടുത്താന്‍ ഓസ്ട്രേലിയക്ക് സാധിച്ചതോടെ അവര്‍ക്ക് വിജയം സുനിശ്ചിതമായി.
തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്കും തിരിച്ചടിയായി.
ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയും സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാത്തതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് പറയാം. ജസ്പ്രീത് ബുംറ ബൗളിങ്ങില്‍ മിന്നിച്ചെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. പിങ്ക് ബോള്‍ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ പല താരങ്ങളും വിമര്‍ശനം കേള്‍ക്കുന്നുണ്ട്. ഇതില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത പേരുകളിലൊന്നാണ് റിഷഭ് പന്തിന്റേത്.
കഴിഞ്ഞ രണ്ട് തവണയും ഓസീസില്‍ മിന്നിച്ചവനാണ് റിഷഭ് പന്ത്.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര മികച്ച രീതിയിലല്ല. റിഷഭിന്റെ മോശം പ്രകടവും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് പറയാം. റിഷഭ് നിരാശപ്പെടുത്തുമ്പോഴും തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഏകദിനത്തിലും ടി20യിലും പ്രാദേശിക ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സഞ്ജു സാംസണിനും ഇഷാന് കിഷനും അവസരം ലഭിക്കുന്നില്ല. കൃത്യമായി അനീതിയെന്ന് പറയാവുന്ന നടപടി ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആരാധകര്‍ അസ്വസ്തരാകുന്നുണ്ട്. മാത്രവുമല്ല വിക്കറ്റ് കീപ്പര്‍ കം ബാറ്റര്‍ എന്ന പൊസിഷനില്‍ കളിക്കാന്‍ പന്തിന് പകരം ആരുമില്ലെന്ന ധാരണയാണ് സെലക്ടര്‍മാര്‍ വെച്ചുപുലര്‍ത്തുന്നതെന്നും ആരോപണമുണ്ട്.
നിരവധി പിഴവുകള്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് നിരവധി പിഴവുകളാണ് ആദ്യ രണ്ട് ടെസ്റ്റിലും വരുത്തിയത്. വിക്കറ്റിന് പിന്നില്‍ റിഷഭ് അനാവശ്യ ശ്രമങ്ങള്‍ നടത്തി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. രോഹിത് ശര്‍മക്ക് ലഭിക്കേണ്ട അനായാസ ക്യാച്ചാണ് റിഷഭിന്റെ ഇടപെടല്‍ മൂലം നഷ്ടമായത്. ടെസ്റ്റില്‍ ഒരു ചെറിയ പിഴവിന് പോലും വലിയ വില നല്‍കേണ്ടി വരും.
ഏറ്റവും സുന്ദരമായ രണ്ട് ക്യാച്ചുകള്‍ മിസ്സാക്കിയ പന്തിന് ക്രിക്കറ്റിന്റെ ബാലപാഠം മറന്നുപോയോയെന്ന് ആരാധകര്‍ ആശങ്കപ്പെട്ടിരുന്നു. ബാറ്റിംഗില്‍ ഒരിക്കലും ഒരു കീപ്പറുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്ത രീതിയിലുള്ള പിഴവ് സംഭവിച്ചതിനാല്‍ സ്റ്റംപിംഗിലൂടെയാണ് പന്ത് ആദ്യ മത്സരത്തില്‍ പുറത്തായത്.