പാറശാല ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മാവനും കുറ്റക്കാരൻ, അമ്മയെ വെറുതെവിട്ടു
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമല കുമാരൻ നായരെയും കോടതി കുറ്റക്കാരനായി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെവിട്ടത്. പ്രതികൾക്കുള്ള ശിക്ഷാവിധി നാളെയുണ്ടാകും
നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്.
ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെയാണ് ഷാരോണിനെ ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടി തുടങ്ങിയത്.
ജ്യൂസ് ചലഞ്ച് നടത്തി പാരസെറ്റാമോൾ കലർത്തി ജ്യൂസ് ഷാരോണിനെ കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ ഇതിനെ അതിജീവിച്ചു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്
2022 ഒക്ടോബർ 14നാണ് ഷാരോൺ കഷായം കുടിച്ചത്. അവശനിലയിലായ ഷാരോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11ാം ദിവസമാണ് മരിച്ചത്. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞിരുന്നു