ഹിജാബ് ധരിക്കാതെ സ്ലീവ്‌ലസുമായി ഇറാന്‍ ഗായിക; നിയമ നടപടിക്കൊരുങ്ങി കോടതി
കര്‍ശന നടപടിയുണ്ടാകുമെന്ന് സൂചന
ഹിജാബ് ധരിക്കാതെ നഗ്നമായ തോളുകള്‍ കാണിച്ച് സംഗീത പരിപാടി അവതരിപ്പിച്ച ഇറാന്‍ ഗായികക്കെതിരെ നിയമ നടപടി. പ്രമുഖ ഇറാനിയന്‍ ഗായികയായ പറസ്തൂ അഹ്‌മദിക്കെതിരെയാണ് നടപടി. ഇവര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാനത്തിലെ വസ്ത്ര ധാരണം ചൂണ്ടിക്കാണിച്ചാണ് ഷിയാ ഭരണകൂടം നടപടിക്കൊരുങ്ങുന്നത്.
വസ്ത്രധാരണത്തില്‍ ശക്തമായ നിയമം നടപ്പാക്കുന്ന ഇറാന്‍ സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് വലിയ തെറ്റായാണ് ഇറാന്‍ അധികൃതര്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് ഗായികക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനെ ‘നിയമപരവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനം’ എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. കോടതി ഇടപെട്ട് ഗായികയ്ക്കും പ്രൊഡക്ഷന്‍ സ്റ്റാഫിനുമെതിരെ നിയമനടപടി സ്വീകരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.
ഗായികയും ക്രൂവിലെ നാല് യുവാക്കളുമടങ്ങുന്ന സംഘമാണ് പരിപാടിയിലുണ്ടായിരുന്നത്. എല്ലാവരും കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.ഞാന്‍ പരസ്തൂ. സ്‌നേഹിക്കുന്ന രാജ്യത്തിനായി പാട്ടുപേക്ഷിക്കാത്തവള്‍, നിശബ്ദയായിരിക്കാന്‍ ഒരുക്കമല്ലാത്തവള്‍. സാങ്കല്‍പികമായ സംഗീതപരിപാടിയില്‍ എന്റെ ശബ്ദം ശ്രദ്ധിക്കൂ, ഒരു മനോഹരമായ രാജ്യം സ്വപ്നം കാണൂ’ എന്നുപറഞ്ഞുകൊണ്ടായിരുന്നു യുവതി പരിപാടി തുടങ്ങിയത്.
ഇറാനിലും അറബ് ജനതക്കുമിടയില്‍ ഏറെ പ്രശ്‌സ്തിയാര്‍ജ്ജിച്ച ഗായികയുടെ പുതിയ ഗാനം ഈ മാസം 11നാണ് യൂട്യൂബിലിട്ടത്. ഇതികം 14 ലക്ഷത്തോളം പേര്‍ ഗാനം കണ്ടുകഴിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ഗാനത്തിന് താഴെ വരുന്നുണ്ട്.