
ദുബായ്: ഓഗസ്റ്റ് മാസം മുതൽ ദുബായിലെ പള്ളികൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ 24 മണിക്കൂറും പണം ഈടാക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. എന്നാൽ, നമസ്കാര സമയങ്ങളിൽ വിശ്വാസികൾക്ക് പാർക്കിംഗ് സൗജന്യമായിരിക്കും.
ദുബായിലെ പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ, 59 പള്ളികളിലായി ഏകദേശം 2,100 പാർക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കും. ഈ സ്ഥലങ്ങൾ ‘സോൺ M’ (സാധാരണ പാർക്കിംഗ്), ‘സോൺ MP’ (പ്രീമിയം പാർക്കിംഗ്) എന്നിങ്ങനെ തരംതിരിക്കും.
പുതിയ നിയമം അനുസരിച്ച്, പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ വരെ പാർക്കിംഗ് സൗജന്യമായിരിക്കും. എന്നാൽ, ഈ സമയത്തിന് പുറത്ത് ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പാർക്കിംഗ് ഫീസ് ഈടാക്കും. തിരക്ക് കുറയ്ക്കുന്നതിനും പള്ളികളിലേക്ക് വരുന്നവർക്ക് പാർക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിയമങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഈ പാർക്കിംഗ് സ്ഥലങ്ങളിൽ സ്ഥാപിക്കും. പാർക്കിംഗ് നിരക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാവുമെന്നും സൂചനയുണ്ട്.