പത്തനംതിട്ട പീഡനക്കേസ്: ഇതുവരെ 39 പേർ അറസ്റ്റിൽ, വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും നീക്കം
പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ അറസ്റ്റിലായത് 39 പേർ. ഇന്ന് 11 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്നലെ വരെ 28 പേരാണ് കേസിൽ അറസ്റ്റിലായിരുന്നത്. കായികതാരമായ ദളിത് വിദ്യാർഥിനിയെ 62 പേരോളം പീഡിപ്പിച്ചതായാണ് കേസ്. ഇലന്തട്ട പോലീസ് സ്‌റ്റേഷനിൽ 9 പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. പത്തനംതിട്ട, മലയാലപ്പുഴ സ്റ്റേഷനുകളിൽ ഓരോരുത്തരും അറസ്റ്റിലായി
പെൺകുട്ടിയുടെ മൊഴിയനുസരിച്ച് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പറഞ്ഞ മൊഴി പ്രകാരവും, അന്വേഷണത്തിലും 58 പേരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ചിലർ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനും നീക്കം ആരംഭിച്ചു ആകെ 29 എഫ്ഐആറാണ് സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിട്ടുള്ള പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്.
അതേസമയം പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. 2024 ജനുവരി മാസത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ നാല് പേർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. പ്രതികളിൽ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു. ഇവരെ കാണാൻ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രിയുടെ ശുചിമുറിയിൽ വെച്ചായിരുന്നു പീഡനം നടന്നത് .