തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ; ഒക്ടോബർ 3ന് മുഖ്യമന്ത്രിയെ കാണും
എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വം തീരുമാനിച്ചതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ അറിയിച്ചു.
മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്ക് എത്തിക്കുമെന്ന വാർത്തകൾക്കിടെയാണ് പിസി ചാക്കോ തീരുമാനം അറിയിച്ചത്. ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശ്ശൂരിൽ യോഗം വിളിച്ച വൈസ് പ്രസിഡന്റ് പികെ രാജൻ മാസ്റ്ററെ നേരത്തെ പിസി ചാക്കോ സസ്‌പെൻഡ് ചെയ്തിരുന്നു
ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയാണ് ശശീന്ദ്രൻ ഇതിനോട് തിരിച്ചടിച്ചത്. കാരണം കാണിക്കൽ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രൻ പക്ഷം ശരത് പവാറിന് കത്ത് നൽകിയിട്ടുണ്ട്.