National

മണിപ്പൂരിലെ എല്ലാ റോഡിലും ജനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകണം; നടപടിയുമായി അമിത് ഷാ

ഇംഫാല്‍: മാര്‍ച്ച് 8 മുതല്‍ മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പൊതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം എന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.

തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടു. മണിപ്പൂരില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ് എന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞു. അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ പ്രവേശന പോയിന്റുകളുടെ ഇരുവശത്തുമുള്ള വേലി കെട്ടല്‍ വേഗത്തിലാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

എല്ലാ കൊള്ളയടിക്കലുകളിലും കര്‍ശന നടപടി തുടരണം. മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ നിയുക്ത പ്രവേശന പോയിന്റുകളുടെ ഇരുവശത്തുമുള്ള വേലി കെട്ടല്‍ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം,’ അദ്ദേഹം യോഗത്തില്‍ പറഞ്ഞു. മണിപ്പൂരിനെ മയക്കുമരുന്ന് രഹിതമാക്കണം എന്നും അതിനായി മയക്കുമരുന്ന് വ്യാപാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ശൃംഖല പൊളിച്ചുമാറ്റണമെന്നും അമിത് ഷാ പറഞ്ഞു.

രണ്ട് വര്‍ഷത്തിലേറെയായി കലാപ മുഖരിതമായ മണിപ്പൂരില്‍ ഇപ്പോഴും അസ്വസ്ഥാജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും വിവിധ ഗ്രൂപ്പുകളുടെ കൈവശമുള്ള അനധികൃതവും കൊള്ളയടിക്കപ്പെട്ടതുമായ ആയുധങ്ങള്‍ കീഴടക്കുന്നതിലും വേണ്ട നടപടികള്‍ തീരുമാനിക്കാനാണ് ഇന്ന് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

ന്യൂഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം നടന്നത്. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മണിപ്പൂര്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനുശേഷം അമിത് ഷായുടെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യ സുരക്ഷാ അവലോകന യോഗമാണിത്.

മണിപ്പൂരില്‍ എന്‍ ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 13 ന് ആണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ ഇതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!