പെരിയ ഇരട്ടക്കൊലക്കേസ്: നാല് സിപിഎം നേതാക്കൾ ജയിൽമോചിതരായി, സ്വീകരണമൊരുക്കി പ്രവർത്തകർ
പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യം ലഭിച്ച പ്രതികളായ കെവി കുഞ്ഞിരാമൻ അടക്കമുള്ള നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. ഇവരുടെ ശിക്ഷ സ്‌റ്റേ ചെയ്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. പുറത്തിറങ്ങിയ നേതാക്കൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണമൊരുക്കി
കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ തുടങ്ങിയ നേതാക്കളും സ്വീകരിക്കാൻ എത്തിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ ഗൂഢാലോചനയില്ലെന്നും സിപിഎം നേതാക്കളായതു കൊണ്ടാണ് കേസിൽ കുടുക്കിയതെന്നും കെ വി കുഞ്ഞിരാമൻ പ്രതികരിച്ചു
20ാം പ്രതി കെവി കുഞ്ഞിരാമൻ, 14ാം പ്രതി മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ വി ഭാസ്‌കരൻ എന്നിവരാണ് ജയിൽ മോചിതരായത്. പെരിയ കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെന്ന കുറ്റത്തിനാണ് സിബിഐ കോടതി ഇവരെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചത്.