പിണറായി എന്ന സൂര്യൻ അസ്തമിച്ചു; പാർട്ടിയിൽ അടിമത്തം: ആഞ്ഞടിച്ച് അൻവറിന്‍റെ പരസ്യ പ്രതികരണം
മലപ്പുറം: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരേ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. പരസ്യ പ്രസ്താവന പാടില്ലെന്ന പാർട്ടി നിർദേശം തള്ളിയാണ് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ അൻവർ വാർത്താ സമ്മേളനം വിളിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ പാര്‍ട്ടിയുടെ അഭ്യർഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമേ പ്രതികരിക്കുകയുള്ളുവെന്നായിരുന്നു പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യർഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്, അതിനാലാണ് താൻ വീണ്ടും പരസ്യ പ്രതികരണത്തിലേക്ക് കടക്കുന്നതെന്ന് പി.വി. അൻവര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ശോഭ നശിച്ചു. ആ സൂര്യൻ കെട്ടു. രണ്ടാമതും ഭരണം കിട്ടിയത് പിണറായിയുടെ മിടുക്കിലാണ്. പക്ഷേ ഇപ്പോഴതല്ല സ്ഥിതി. 95 % ജനങ്ങൾക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി എന്നും അന്‍വര്‍ വിമര്‍ശിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രിയെ പിതാവിനെ പോലെ കണ്ട ആളാണ് ഞാൻ. പക്ഷെ മുഖ്യമന്ത്രി തന്നെ ചതിച്ചു. പി.വി. അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. തനിക്കെതിരേ മുഖ്യമന്ത്രി അത്രയും കടന്ന് സംസാരിച്ചത് വലിയ വിഷമമുണ്ടാക്കി. മുഖ്യമന്ത്രി പറയുന്നതെല്ലാം അജിത് കുമാറിന്‍റെ തിരക്കഥയാണ്. മുഖ്യമന്ത്രി എന്ത് പറയുന്നോ അതാണിപ്പോൾ പാർട്ടി നിലപാട്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പോലും അഭിപ്രായ സ്വാതന്ത്ര്യമില്ല. അദ്ദേഹം നിസ്സഹായവസ്ഥയിലാണെന്നും അൻവർ പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതിയിൽ അന്വേഷണം നേരായ വഴിക്കല്ല. സ്വർണക്കടത്ത് കേസിലും റിദാന്‍റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ അന്വേഷണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനിക്ക് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചുവെന്നും അൻവർ പറഞ്ഞു.
വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണം പൊലീസുകാർ തട്ടിയെടുത്തുവെന്നതിന്‍റെ തെളിവുകളും അൻവർ പുറത്തുവിട്ടു. 2023ൽ വിദേശത്തു നിന്ന് എത്തിയ കുടുംബം അനുഭവം വ്യക്തമാക്കുന്ന വിഡിയോ ആണ് പുറത്ത് വിട്ടത്. എയർപ്പോട്ടിന് പുറത്ത് വെച്ചാണ് പൊലീസ് സ്വർണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന്‍റെ പകുതിയോളം പൊലീസ് മോഷ്ടിച്ചു. 900 ഗ്രാം സ്വർണത്തിൽ 500 ഗ്രാമിലേറെയാണ് പൊലീസ് മുക്കിയതായും 300 ഗ്രാമിന് മുകളിൽ സ്വർണം മാത്രമാണ് കണക്കിലുണ്ടായിരുന്നതെന്നും കുടുംബം വീഡിയോയിൽ ആരോപിക്കുന്നു.
പാസ്പോട്ടും ഫോണും പിടിച്ചുവെച്ചു. ഒന്നരമാസത്തിന് ശേഷം പാസ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ മഞ്ചേരി കോടതിയിൽ ചെല്ലാനാണ് ആവശ്യപ്പെട്ടത്. അവിടെ വെച്ചാണ് രേഖകൾ പരിശോധിക്കുന്നതും സ്വർണ തൂക്കത്തിലെ വ്യത്യാസം മനസിലാകുന്നതെന്നും കുടുംബം പറയുന്നു.