പൂരം കലക്കലിനെ ന്യായീകരിച്ച് പിണറായി വിജയന്‍; പഴി മുസ്ലിം ലീഗിന്
ജയരാജന്റെ വിവാദ പുസ്തകം പ്രകാശനം ചെയ്യും
കോഴിക്കോട്: പോലീസ് മേധാവികള്‍ ഉള്‍പ്പെട്ട് തൃശൂര്‍ പൂരം കലക്കി ബി ജെ പിക്കും സുരേഷ് ഗോപിക്കും റീച്ച് ഉണ്ടാക്കി കൊടുത്ത സംഭവത്തെ ന്യായീകരിച്ചും വിഷയത്തില്‍ മുസ്ലീം ലീഗിനെ പഴിചാരിയും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് പറഞ്ഞു. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും പിണറായി ചോദിച്ചു. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
അജിത് കുമാറിനെയും വെള്ള പൂശി
ആര്‍ എസ് എസ് നേതാവിനെ കണ്ട എ ഡി ജി പി അജിത് കുമാറിനെയും മുഖ്യമന്ത്രി ന്യായീകരിച്ചിട്ടുണ്ട്.
ഒരു പോലീസുകാരന്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവേശം? എന്നും പിണറായി ചോദിച്ചു.