മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രധാനധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലവിളി
സംഭവം പാലക്കാട്
പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രധാനധ്യാപകന് നേരെ കൊലവിളി. പാലക്കാടാണ് സംഭവം. സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നേരത്തേ അധ്യാപകന്‍ പറഞ്ഞിരുന്നു. ഇത് മറികടന്ന് മൊബൈലുമായി എത്തിയ വിദ്യാര്‍ഥിയെ സ്‌കൂളിന്റെ മേധാവിയായ പ്രധാനധ്യാപകന്‍ പിടിച്ചു. കൈയ്യിലെ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതോടെ വിദ്യാര്‍ഥിയുടെ സ്വഭാവം മാറുകയായിരുന്നു.
പ്രധാനധ്യാപകനോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ച വിദ്യാര്‍ഥി കൊലവിളിയും നടത്തി. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം എന്നാണ് അധ്യാപകരോട് വിദ്യാര്‍ത്ഥിയുടെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളില്‍ ഫോണ്‍ കൊണ്ടു വരികയും പ്രധാനധ്യാപകന്‍ പിടിച്ചുവയ്ക്കുകയുമായിരുന്നു.
അധ്യാപകര്‍ കര്‍ശന നിര്‍ദേശം നല്‍കുമെങ്കിലും സ്‌കൂളുകളിലേക്ക് രക്ഷിതാക്കളുടെ സമ്മത പ്രകാരമോ അറിവോടേയോ നിരവധി കുട്ടികളാണ് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത്. പല സ്‌കൂളുകളും കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ചില സ്‌കൂളുകള്‍ ഇത്തരം സംഭവങ്ങള്‍ അറിഞ്ഞതായി നടിക്കാറില്ല.