പത്തനംതിട്ടയിലെ പോലീസ് മർദനം: എസ് ഐ ജിനുവിനെ സ്ഥലം മാറ്റി
പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലിച്ചതച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടി. പത്തനംതിട്ട എസ് ഐ ജിനുവിനെ സ്ഥലം മാറ്റി. എസ് പി ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. തുടർ നടപടി ഡിഐജി തീരുമാനിക്കും
സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഐജിക്ക് കൈമാറി. ഇന്നലെ രാത്രി അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹ ചടങ്ങിന് പോയി വന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ് ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്. മുണ്ടക്കയം സ്വദേശി സിതാര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മർദനത്തിൽ പരുക്കേറ്റു. ബാറിന് മുന്നിൽ ചിലർ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. വിവാഹ സംഘമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദനം.