Kerala

സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മനപ്പൂര്‍വമല്ലാത്തെ നരഹത്യക്കാണ് കേസ് എടുത്തത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ബസ് അപകടത്തിന് തൊട്ടുമുമ്പ് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും അതിന് തെളിവുണ്ടെന്നും മാധ്യമങ്ങള്‍ ഇന്നലെ റിപോര്‍ട്ട് ചെയ്തിരുന്നു. അപകടത്തിന് ഏതാനും നിമിഷം മുമ്പ് ഡ്രൈവര്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നാണ് തെളിവായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. ഡ്രൈവര്‍ക്കെതിരെ എം വി ഡിയും പോലീസും റിപോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍, താന്‍ മൊബൈല്‍ ഉപയോഗിച്ചിട്ടില്ലെന്നും ബസിന് ഫിറ്റ്‌നസ് ഇല്ലായിരുന്നുവെന്നുമാണ് ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ്്

എന്നാല്‍, ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.എന്‍ ശശി വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് നല്‍കി.

ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.

അതിനിടെ, മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നടന്നു. തുടര്‍ന്ന് മൃതദേഹം കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.

Related Articles

Back to top button
error: Content is protected !!