വിവാഹവാഗ്ദാനം നൽകി 13 വർഷം പീഡിപ്പിച്ചെന്ന് പോലീസുദ്യോഗസ്ഥ; പട്ടാള ഉദ്യോഗസ്ഥനെതിരെ കേസ്

മധ്യപ്രദേശിൽ വിവാഹ വാഗ്ദാനം നൽകി 13 വർഷത്തോളം പീഡിപ്പിച്ചെന്ന പോലീസുദ്യോഗസ്ഥയുടെ പരാതിയിൽ പട്ടാളക്കാരനെതിരെ കേസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ലഫ്. കേണൽ പദവിയിൽ ജോലി ചെയ്യുന്ന വരുൺ പ്രതാപ് സിംഗിനെതിരെയാണ്(48) കേസ്. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് പോലീസുദ്യോഗസ്ഥ പരാതി നൽകിയത്.
മധ്യപ്രദേശ് പോലീസിൽ കോൺസ്റ്റബിളായ 42കാരിയാണ് പരാതിക്കാരി. 2012ലാണ് യുവതി വരുണിനെ പരിചയപ്പെട്ടത്. 2012 ഡിസംബറിൽ യുവതിയെ തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയെ പീഡിപ്പിച്ചത്.
2013ലാണ് വരുൺ വിവാഹിതനാണെന്ന് യുവതി അറിയുന്നത്. ഇതേ കുറിച്ച് ചോദിച്ചപ്പോൾ വിവാഹ മോചനത്തിന് ശ്രമിക്കുകയാണെന്നായിരുന്നു മറുപടി. തുടർന്നും ഇവർ തമ്മിൽ ബന്ധം തുടർന്നു. എന്നാൽ വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ പല കാര്യങ്ങൾ പറഞ്ഞ് വരുൺ ഒഴിയുമായിരുന്നു.
2025 ഫെബ്രുവരി 24നാണ് വരുണിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് യുവതി മനസിലാക്കിയത്. തനിക്കെതിരെ പരാതി നൽകിയാൽ കൊന്ന് കെട്ടിത്തൂക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.