വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ ദുരൂഹത മാറ്റാൻ പോലീസ്; അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്
അതേസമയം അഫാന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ്മ ഷെമിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടിട്ടുണ്ട്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം. കൂട്ടക്കൊലക്ക് പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്
ഗൾഫിലുള്ള ഉപ്പയുടെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമായാണ് ഉറ്റവരെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി. കോളേജ് പഠനം പൂർത്തിയാക്കാത്ത അഫാന് നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ബന്ധുക്കളോടെല്ലാം എന്തിന് പണം ആവശ്യപ്പെട്ടു, ഉപ്പയുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം എങ്ങനെ അഫാന് മേലായി എന്നതിനൊക്കെ ഉത്തരം കിട്ടേണ്ടതുണ്ട്.