സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; നാളെ കേരളാ തീരത്ത് ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള തീരത്ത് നാളെ (ഫെബ്രുവരി 5) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെയാണ് കടലാക്രമണത്തിന് സാധ്യത പ്രവചിച്ചിരിക്കുന്നത്. 0.2 മുതൽ 0.6 മീറ്റർ വരെ ഉയരത്തിൽ തീരമാലകൾ വീശിയടിക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംത്തിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന ചൂട് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രതാ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം
കേരള തീരത്ത് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് തീരദേശവാസികൾ മാറി താമസിക്കേണ്ടതാണ്.
ഉപജീവന മാർഗമായ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് മുന്നറിയിപ്പുള്ള സമയങ്ങളിൽ ഇറക്കുന്നത് ഒഴിവാക്കുക.
വിനോദസഞ്ചാരികൾ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള എല്ലാ വിനോദവും ഒഴിവാക്കേണ്ടതാണ്.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
മുന്നറിയിപ്പുള്ള സമയങ്ങളിൽ മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടതാണ്. ഇത് ഇവ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഈ സമയങ്ങളിൽ ഉറപ്പാക്കണം.