ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ല; സി പി എം നേതൃത്വത്തോട് ഇടഞ്ഞ് പി പി ദിവ്യ
അതൃപ്തി ഫോണിൽ അറിയിച്ചുവെന്ന് റിപോർട്ട്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റിലായതിന് പിന്നാലെ സി പി എം നേതൃത്വം സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാര്‍ട്ടി ജില്ലാ അംഗവുമായിരുന്ന പി പി ദിവ്യ. ഫോണില്‍ വിളിച്ചാണ് ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചതെന്നാണ് റിപോര്‍ട്ട്. താന്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ നടപടി വേണ്ടിയിരുന്നില്ലെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും പരാതിയും ദിവ്യക്കുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് തനിക്കെതിരായ നടപടിയെന്നും ദിവ്യ ആരോപിക്കുന്നുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു ജയില്‍ മോചിതയായ പിപി ദിവ്യ പ്രതികരിച്ചിരുന്നത്. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. 11 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിവ്യ ജയില്‍ മോചിതയായത്.
റിമാന്റില്‍ കഴിയുന്ന സമയത്തായിരുന്നു പിപി ദിവ്യയെ പാര്‍ട്ടി തരംതാഴ്ത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള അനിഷ്ടവും പൊതുവികാരവും മാനിച്ചായിരുന്നു തുടക്കത്തില്‍ ദിവ്യക്ക് സുരക്ഷയൊരുക്കിയ പാര്‍ട്ടി നടപടി സ്വീകരിച്ചത്.
സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.