കൂടുതൽ നടിമാരെയും ആക്രമിച്ചിട്ടുണ്ട്; എല്ലാം ദിലീപിന്റെ അറിവോടെയെന്ന് പൾസർ സുനി

ദിലീപിന്റെ അറിവോടെ കൂടുതൽ നടിമാരെ ആക്രമിച്ചിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി. കൊച്ചിയിൽ നടിയെ ആക്രമിച്ചത് ദിലീപ് നൽകിയ ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് പൾസർ സുനി പറഞ്ഞിരുന്നു. പിന്നാലെയാണ് കൂടുതൽ നടിമാരെയും ഇത്തരത്തിൽ ആക്രമിച്ചെന്ന് വെളിപ്പെടുത്തൽ. റിപ്പോർട്ടർ ടിവിയുടെ സ്ട്രിംഗ് ഓപറേഷനിലാണ് സുനിയുടെ വെളിപ്പെടുത്തൽ
കൂടുതൽ നടിമാരെ ദിലീപിന്റെ നിർദേശപ്രകാരം ആക്രമിച്ചിട്ടുണ്ട്. ഇതൊക്കെ ഒത്തുതീർപ്പാക്കി. ആ ക്വട്ടേഷനുകളും ദിലീപിന്റെ അറിവോടെയാണ്. സിനിമയിൽ നടക്കുന്നത് എല്ലാവർക്കും അറിയാം. പക്ഷേ ആരും ഒന്നും പറയില്ല. നിലനിൽപ്പാണ് താരങ്ങളുടെ പ്രശ്‌നം. ആരുടെയും സഹായം ആവശ്യമില്ലാത്തവർ തുറന്നു പറയും. റിമ കല്ലിങ്കലിനെ പോലെയുള്ളവർ മാത്രമാണ് തുറന്ന് പറയുക.
നടിയെ ആക്രമിച്ചത് ദിലീപിന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യത്തിലാണെന്ന് പൾസർ സുനി പറഞ്ഞിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. അതിക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി വെളിപ്പെടുത്തി.