വ്യാജപ്രചാരണം നടത്തി ന്യൂനപക്ഷത്തെ വേട്ടയാടുന്നു; വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. വ്യാജ പ്രചാരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ന്യൂനപക്ഷങ്ങൾ എന്തെക്കെയോ കവർന്നെടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
വർഗീയ ശക്തികളുടെ അത്തരം നീക്കങ്ങളെ കേരള സർക്കാർ മറികടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കുന്നു. കേരളം അങ്ങനെയല്ല, വിവിധ ന്യൂന പക്ഷ പദ്ധതികൾക്കായി ഈ സർക്കാർ 106 കോടി രൂപ നീക്കിവച്ചെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം നൽകിയിരുന്നു. രാജ്യസഭയിൽ ബിജെപി അംഗം മേധ കുൽക്കർണി സമർപ്പിച്ച റിപ്പോർട്ട് പ്രതിപക്ഷ ബഹളത്തിനിടെയാണ് അംഗീകരിച്ചത്. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ എത്തിയത്.