ലൂസിഫറിലെ ആ തെറ്റ് എമ്പുരാനില്‍ തിരുത്തി പൃഥ്വിരാജ്

പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സജനചന്ദ്രന്‍ എന്ന രാഷ്‌ട്രീയക്കാരനായാണ് ചിത്രത്തില്‍ സുരാജ് വേഷമിടുക. ‘ലൂസിഫറി’ല്‍ തന്നെ ഉള്‍പ്പെടുത്താത്തത് പൃഥ്വിരാജിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലേക്ക് തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും സുരാജ് തമാശയായി പറഞ്ഞു.
സുരാജ് വെഞ്ഞാറമൂടിന്‍റെ വാക്കുകളിലേക്ക്-
“ഞാനും പൃഥ്വിയും ഒന്നിച്ചഭിനയിച്ച ഡ്രൈവിങ് ലൈസെന്‍സ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടിക്കാണിച്ചു. പൃഥ്വി അത് ശ്രദ്ധിച്ചിരുന്നു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൂടുതല്‍ ശ്രദ്ധയോടെ അത് എന്താണ് എന്നദ്ദേഹം അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു.
ലൂസിഫറില്‍ ഞാന്‍ ഇല്ലായിരുന്നു. അതിന്‍റെ കുറവ് അടുത്ത ഭാഗത്തില്‍ നികത്തണം. അതുകേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിച്ചു. എന്നിട്ട് കുറേ കാലത്തിന് ശേഷം എന്നെ വിളിച്ചിട്ട്, അണ്ണാ, അന്ന് പറഞ്ഞ കുറവ് ഞാന്‍ നികത്താന്‍ പോകുകയാണെന്ന് പറഞ്ഞു. കേരള രാഷ്‌ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന സജനചന്ദ്രന്‍ എന്ന രാഷ്‌ട്രീയക്കാരനായാണ് ഞാന്‍ എമ്പുരാനില്‍ എത്തുന്നത്. ബാക്കി ഇനി സിനിമ സംസാരിക്കട്ടെ” -സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
‘എമ്പുരാന്‍’ ഒരു സ്‌റ്റാന്‍ഡ്‌എലോണ്‍ ചിത്രമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആദ്യ ഭാഗം കണ്ടിട്ടില്ലാത്തവര്‍ക്കും ചിത്രം കണ്ടാല്‍ കഥ മനസ്സിലാകുമെന്നാണ് താരം പറയുന്നത്. ‘ലൂസിഫര്‍’ കേരള പൊളിറ്റിക്‌സില്‍ ഊന്നി കഥ പറഞ്ഞ ചിത്രമാണെന്നും എന്നാല്‍ ‘എമ്പുരാന്‍’ അങ്ങനെയല്ലെന്നും പൃഥ്വിരാജ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
മാര്‍ച്ച് 27നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുക. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ഒരേമസമയം റിലീസ് ചെയ്യും. ആദ്യ ഭാഗമായ ‘ലൂസിഫറി’ലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗമായ ‘എമ്പുരാനി’ലും അണിനിരക്കുക. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, അര്‍ജുന്‍ ദാസ് തുടങ്ങീ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ദീപക് ദേവ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.