Movies

ലൂസിഫർ 3 യെക്കുറിച്ചുള്ള വ്യാജ വാർത്തകൾ തള്ളി പൃഥ്വിരാജിന്റെ ടീം

മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ‘എൽ3: അസ്രായേലി’നെക്കുറിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പൃഥ്വിരാജിന്റെ ഔദ്യോഗിക ടീം രംഗത്ത്. ‘അണ്ടർ വാട്ടർ ആക്ഷൻ സീക്വൻസുകൾ ഉണ്ടാകും’, ‘ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാകും’ തുടങ്ങിയ തരത്തിലുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അടിസ്ഥാനരഹിതമാണെന്നും ടീം പ്രസ്താവനയിലൂടെ അറിയിച്ചു.

മനോരമ ന്യൂസ്, റിപ്പോർട്ടർ ടിവി ഉൾപ്പെടെയുള്ള പ്രമുഖ മലയാളം വാർത്താ ചാനലുകൾ പൃഥ്വിരാജിന്റേതായി വ്യാജ പ്രസ്താവനകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ‘സര്സമീൻ’ എന്ന തന്റെ പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജ് നൽകിയ അഭിമുഖങ്ങളിൽ ലൂസിഫർ 3 യെക്കുറിച്ച് ഇത്തരത്തിലുള്ള യാതൊരു പരാമർശങ്ങളും നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ടീമായ ‘POFFACTIO’ വ്യക്തമാക്കി.

വ്യാജ പ്രൊഫൈലുകളിൽ നിന്നുള്ള വിവരങ്ങളാണ് ഈ തെറ്റായ വാർത്തകൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും, വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെന്നും POFFACTIO ട്വീറ്റിലൂടെ അറിയിച്ചു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ കൃത്യമായി പരിശോധിക്കണമെന്നും, തെറ്റായ വിവരങ്ങൾ തിരുത്തി ശരിയായ വിവരങ്ങൾ നൽകണമെന്നും പൃഥ്വിരാജിന്റെ ടീം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

 

Related Articles

Back to top button
error: Content is protected !!