National

ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല ഞങ്ങളുടേത്; അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ബെലഗാവി (കർണാടക): കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിനുള്ളിൽ വച്ച് ഭരണഘടനയെയും അതിന്‍റെ ശിൽപിയായ ബി ആർ അംബേദ്‌കറെയും അപമാനിച്ചതു പോലെ മുൻകാലങ്ങളിൽ ഒരു സർക്കാരും അപമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ഭരണഘടനയെ ദുർബലപ്പെടുത്താൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും അവർ ആരോപിച്ചു.

https://x.com/priyankagandhi/status/1881618762543312973

1924-ൽ പാർട്ടി പ്രസിഡന്‍റായി മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനത്തിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായിട്ട് കോൺഗ്രസ് കര്‍ണാടകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

“കോൺഗ്രസ് ഇതര സർക്കാരുകൾ ഉൾപ്പെടെ നിരവധി സർക്കാരുകൾ വന്നുപോയി, പക്ഷേ പാർലമെന്‍റിനുള്ളിൽ അംബേദ്‌കറെ അപമാനിച്ച ഒരു മന്ത്രിയും ഒരു സർക്കാരും ഉണ്ടായിരുന്നില്ല,” എന്ന് ബെലഗാവിയിൽ സംഘടിപ്പിച്ച ‘ഗാന്ധി ഭാരത്’ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിലാണ് പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെയും രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ഷാ അപമാനിച്ചു എന്നും അവർ ആരോപിച്ചു. ആർ‌എസ്‌എസ് പ്രവര്‍ത്തകര്‍ അംബേദ്‌കറുടെ പ്രതിമ കത്തിച്ചിരുന്നു. ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല തങ്ങളുടേത്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ് കോണ്‍ഗ്രസുകാര്‍.

രാജ്യമോ, ഭരണഘടനയോ, ജനാധിപത്യമോ, അവിടുത്തെ ജനങ്ങളെയോ അല്ല ബിജെപി പരിഗണിക്കുന്നത്. കാരണം അവരുടെ പ്രത്യയശാസ്‌ത്രം അതിനും രാജ്യത്തിന്‍റെ വൈവിധ്യത്തിനും എതിരാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. അവരുടെ സ്ഥാപകനും പ്രത്യയശാസ്‌ത്രവും ഭരണഘടനയെയും ദേശീയ പതാകയെയും പരിഹസിച്ചിരുന്നു, അവർ ഭരണഘടനയെ എതിർക്കുന്നുവെന്നും വാദ്ര പറഞ്ഞു.

ബിജെപി ഭരണഘടനയ്ക്കും സംവരണത്തിനും സാമൂഹിക നീതിക്കും എതിരാണ്. ജുഡീഷ്യറിയെയും വിവരാകാശ നിയമത്തെയും ദുർബലപ്പെടുത്താൻ ബിജെപി ആഗ്രഹിക്കുന്നു. കൂടുതൽ അഴിമതി സാധ്യമാക്കാൻ അവർ സെബി നിയമം ഭേദഗതി ചെയ്‌തു. ലോക്‌പാല്‍ ബില്ലിനെയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപി ദുർബലപ്പെടുത്തിയെന്നും പ്രിയങ്ക വിമര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!