വയനാട് പുനരധിവാസ വായ്‌പ: നിര്‍മല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തി കെവി തോമസ്

ന്യൂഡല്‍ഹി: വയനാടിന്‍റെ പുനരധിവാസത്തിനായി അനുവദിച്ച മൂലധന നിക്ഷേപ വായ്‌പയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തി ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെവി തോമസ്. മൂലധന നിക്ഷേപ വായ്‌പയായി അനുവദിച്ച 529.50 കോടി രൂപ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ കേന്ദ്രത്തോട് അദ്ദേഹം ഇളവ് തേടി.
മാര്‍ച്ച് 31 വരെയുള്ള 44 ദിവസങ്ങള്‍ക്കുള്ളില്‍ തുക ചെലഴിക്കണമെന്ന നിബന്ധനയോടെ കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരത്തിലായിരുന്നു സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ വായ്‌പ അനുവദിച്ചത്. പ്രസ്‌തുത നിബന്ധന അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അന്ന് തന്നെ പ്രതികരിച്ചിരുന്നു.
സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി, ആശ വര്‍ക്കര്‍മാരുടെ സമരം തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രമന്ത്രിയുമായി കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി ധനമന്ത്രിയുമായി സംസാരിച്ചു. മാര്‍ച്ച് 11, 12 തീയതികളില്‍ വയനാട് പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക് എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി കൂടിയാണ് കെവി തോമസ് ധനമന്ത്രിയെ കണ്ടത്.
കെവി തോമസുമായി കൂടിക്കാഴ്‌ച നടത്തിയ വിവരം ധനമന്ത്രിയുടെ ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്‌ക്കിടെ എടുത്ത ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ ധമന്ത്രിയുടെ ഓഫീസ് പങ്കുവച്ചിട്ടുണ്ട്.