കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ
മുംബൈ: 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലാണ് പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് ഇവരുടെ നഗ്നചിത്രങ്ങൾ ഫോണിൽ ചിത്രീകരിച്ച് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ വിദ്യാർത്ഥികളെ ചൂഷണം ചെയ്തത്. വിവാഹിതരായ ശേഷവും ഇയാൾ പീഡനത്തിന് ഇരയാക്കിയതായി ചിലർ വെളിപ്പെടുത്തി. എന്നാൽ നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് ഇതുവരെ പുറത്ത് വിട്ടില്ല.
ഈസ്റ്റ് നാഗ്പൂർ കേന്ദ്രീകരിച്ചാണ് ഇയാളുടെ സ്ഥാപനം. ഇതിനു പുറമെ ഇയാൾ വീടുകൾ സന്ദർശിച്ചും കൗൺസലിങ് നടത്തിയിരുന്നു. ഇയാളുടെ കൂടെ സഹായത്തിനു ഒരു വനിതാ ഉദ്യോഗസ്ഥയുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഇരകളിൽ ഏറെയും. ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.
സംഭവത്തിൽ പോക്‌സോ ആക്ട്, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട് എന്നിവ പ്രകാരം ഇയാൾക്കെതിരെ മൂന്ന് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ സിംഗാളിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ രശ്മിത റാവുവിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങളും ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരും സാങ്കേതികവും നിയമപരവുമായ സഹായം വാഗ്ദാനം ചെയ്യുന്നു.
പീഡിപ്പിച്ച വിദ്യാർത്ഥികളെ ഇയാൾ കരിയറിന് ദോഷം ചെയ്യുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടെന്നും അതിജീവിത പറയുന്നു. ഇയാളുടെ ക്ലാസിൽ വിദ്യാർത്ഥികളെ ചേർക്കാൻ ഇവരുടെ മാതാപിതാക്കളെ വിശ്വാസം പിടിച്ചുപറ്റുമെന്നും അക്കാദമിക്, പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം നൽകിയാണ് വിദ്യാർത്ഥികളെ ചേർക്കുന്നതെന്നും പോലീസ് പറയുന്നു. പല മാതാപിതാക്കളും അവരുടെ വിദ്യാർത്ഥികളുടെ “ലോക്കൽ ഗാർഡിയൻ” ആയി ഇയാളെയാണ് ഏൽപ്പിച്ചത്. അത് അവരെ കൂടുതൽ നിയന്ത്രിക്കാൻ അനുവദിച്ചുവെന്നും പോലീസ് പറയുന്നു.