ഐഫോണിനെയും സാംസങിനെയും കെട്ടുകെട്ടിക്കുമോഷവോമി; 15 സീരീസ് മാർച്ച് രണ്ടിന് ഇന്ത്യയിൽ

സ്മാർട്ട് ഫോണുകൾ കമ്പനികൾക്കിടയിൽ എന്നും മത്സരമാണ്. ഇപ്പോൾ തുടങ്ങിയ മത്സരമല്ല, സ്മാർട്ട് ഫോൺ വിപണിയിലെത്തിയ കാലം മുതൽക്ക് തന്നെ മത്സരം തുടങ്ങിയിട്ടുണ്ട്. പുതിയ കമ്പനികൾ പുതിയ ഫോണുകൾ പുറത്തിറക്കുമ്പോൾ അതിന്റെ ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. അതിനാൽ തന്നെ ഇപ്പോൾ മത്സരത്തിന് അൽപ്പം മൂർച്ച കൂടിയിട്ടുണ്ട്. സ്മാർട്ട് ഫോൺ വിപണിയിൽ ഒരുപാട് ആരാധകരുള്ള കമ്പനിയാണ് ഷവോമി. ഷവോമിയുടെ എറ്റവും പുതിയ ഫോണായ ഷവോമി 15 സീരീസ് മാർച്ച് രണ്ടിന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ ഫോൺ ചൈനയിൽ പുറത്തിറങ്ങിയിരുന്നു. അഞ്ച് മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യൻ വിപണിയിലേക്ക് ഷവോമി 15 സീരീസ് എത്തുന്നത്. ചൈനയിൽ ഇറങ്ങിയ അതേ ഫോണിന്റെ ഫീച്ചറുകൾ തന്നെ ഇന്ത്യയിലും ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഷവോമി 15, ഷവോമി 15 അൾട്രാ എന്നിങ്ങനെ രണ്ട് വേരിയൻറിലാകും ഈ ഫോൺ പുറത്തിറങ്ങുന്നത്. ഫോണിന്റെ വിവരങ്ങൾ പലതും രഹസ്യമാണെങ്കിലും നേരത്തെ ചൈനയിൽ ഇറങ്ങിയതിനാൽ പലതും ലീക്കായിട്ടുണ്ട്. കറുപ്പ്, വെള്ള എന്നീ രണ്ട് നിറങ്ങളിലും കറുപ്പും വെളുപ്പും ഇടകലർന്ന കളറിലും ഈ ഫോൺ ലഭ്യമാകുമെന്നാണ് ലീക്കായ പല റിപ്പോർട്ടുകളിലുമുള്ളത്.
ഷവോമി 15, ഷവോമി 15 അൾട്രാ എന്നീ രണ്ട് ഫോണുകളും 12 GB റാമും 256 GB സ്റ്റോറേജുമുള്ള അടിസ്ഥാന കോൺഫിഗറേഷനുമായി വരുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈനീസ് വേരിയന്റുകൾക്ക് 16 GB റാമിലേക്കും 1 TB സ്റ്റോറേജിലേക്കും അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്. അതിനാൽ തന്നെ ഈ വേരിയൻറുകളും ഇന്ത്യയിൽ പുറത്തിറങ്ങുമെന്നും പ്രതീക്ഷയുണ്ട്.
അടിസ്ഥാന മോഡലായ ഷവോമി 15ന് വയർലെസ്സ്, വയർഡ് ചാർജിങ് സംവിധാനമുണ്ട്. വയർഡിൽ 90W ന്റെയും വയർലെസ്സിൽ 50W ന്റെയും ഫാസ്റ്റ് ചാർജിംഗാണ് നൽകിയിരിക്കുന്നത്. കൂടാതെ 5,500 mAh ബാറ്ററിയും നൽകിയിട്ടുണ്ട്. OLED ഡിസ്പ്ലേയും 1.5K റെസല്യൂഷനും അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായികുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടിലുണ്ട്.
50 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഷവോമി 15ലുള്ളത്. 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HyperOS 2.0 ലാണ് ഇത് പ്രവർത്തിക്കുന്നത്. 6.36 ഇഞ്ചുള്ള സ്‌ക്രീനാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്.
ഷവോമി 15 അൾട്രയുടെ കാര്യത്തിലേക്ക് വന്നാൽ ലുക്കിൽ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. 6.73 ഇഞ്ചാണ് സ്‌ക്രീൻ സൈസ് വരുന്നത്. 6,100 mAh ബാറ്ററി നൽകിയിട്ടുണ്ട്. ഷവോമി 15 ന്ൽകിയ 90W ന്റെയും വയർലെസ്സിൽ 50W ന്റെയും ഫാസ്റ്റ് ചാർജിംഗ് തന്നെയാണ് പ്രോ സീരീസിനും നൽകിയിട്ടുള്ളത്.
രണ്ട് മോഡലുകളിലും 50 മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണെങ്കിലും അൾട്രയിലേക്ക് വരുമ്പോൾ 5x ഒപ്റ്റിക്കൽ സൂം വരെ വാഗ്ദാനം ചെയ്യുന്ന ഒരു ടെലിഫോട്ടോ ലെൻസും നൽകിയിട്ടുണ്ട്. അതേസമയം ഷവോമി 15ന് 3x ഒപ്റ്റിക്കൽ സൂം ലഭിക്കും. ഒരു പ്രീമിയം സ്മാർട്ട് ഫോണിന്റെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഈ ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നാലും ചൈനയിലെ ലോഞ്ചിങ് വെച്ച് നോക്കുമ്പോൾ ഷവോമി 15 അൾട്രയുടെ വില ഏകദേശം 6,499 യുവാൻ ആയിരുന്നു. അതായത് ഏകദേശം 78,000 രൂപ. ഇന്ത്യയിൽ എത്ര വില നിശ്ചയിക്കുമെന്ന കാര്യം വ്യക്തമല്ല. ഷവോമി 14 അൾട്രയുടെ 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റ് ഇന്ത്യയിൽ 99,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്.