ആരെയെങ്കിലും സ്ഥാനാർഥിയാക്കാനല്ല താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന സൂചന നൽകി പിവി അൻവർ രംഗത്തുവന്നു. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവെച്ചത്. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്റെ ഒപ്പവും നിൽക്കും. പക്ഷേ ചെകുത്താൻ നല്ലതായിരിക്കണമെന്നും അൻവർ പറഞ്ഞു
താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ട. യുഡിഎഫ് പ്രവേശനം വൈകുന്നതിൽ കടുത്ത എതിർപ്പും അൻവർ ഉന്നയിച്ചു. അസോസിയേറ്റഡ് മെമ്പർ ആക്കുമെന്നാണ് പറഞ്ഞത്. അതും ആക്കിയില്ല. അസോസിയേറ്റഡ് മെമ്പർ എന്നത് ബസിന്റെ വാതിലിൽ നിൽക്കുന്ന പോലെയാണ്. സീറ്റ് കിട്ടിയാൽ അല്ലേ അരിക്കാൻ ആകൂവെന്നും അൻവർ ചോദിച്ചു
തന്റെ പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. യുഡിഎഫിൽ നടക്കുന്നത് അന്തം വിട്ട ആലോചനയാണ്. ഇപ്പോഴും ഗൗരവം നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടില്ല. താൻ ക്രിസ്ത്യൻ സ്ഥാനാർഥിയുടെ പേര് നിർദേശിച്ചിട്ടില്ലെന്ന സണ്ണി ജോസഫിന്റെ പ്രസ്താവനയോട് സണ്ണി പ്രസിഡന്റ് ആയിട്ട് ദിവസങ്ങൾ അല്ലേ ആയിട്ടുള്ളു എന്നായിരുന്നു അൻവറിന്റെ മറുപടി.