പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം; കോൺഗ്രസ് നേതാക്കളുമായി ഇന്ന് നിർണായക ചർച്ച

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഇന്ന് നിർണായക ചർച്ച. കോൺഗ്രസ് നേതാക്കൾ ഇന്ന് പി വി അൻവറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ മുന്നണി പ്രവേശനമാകാം എന്നാണ് കോൺഗ്രസ് നിലപാട്.
രാവിലെ പത്തിന് നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസിനെ ഒപ്പം കൂട്ടിയുള്ള യുഡിഎഫ് പ്രവേശനം നേതാക്കൾ അംഗീകരിക്കില്ല. അതിന് കഴിയാത്തതിന്റെ രാഷ്ട്രീയകാരണങ്ങൾ അൻവറിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കും.
പുതിയ പാർട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് എത്താം എന്നതാകും അൻവറിന് മുൻപിൽ വയ്ക്കുന്ന ഫോർമുല. അതിന് കഴിയില്ലെങ്കിൽ പുറത്തുനിന്ന് സഹകരിക്കുക എന്ന ഉപാധി മുന്നോട്ട് വയ്ക്കും. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള യു.ഡി.എഫ് പ്രവേശനം പി.വി അൻവർ അംഗീകരിച്ചില്ലെങ്കിൽ ചർച്ച നീളും. .