Kerala
ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായാൽ സ്വതന്ത്രനായി മത്സരിക്കാൻ പിവി അൻവറിന്റെ നീക്കം

തന്റെ കടുത്ത എതിർപ്പ് അവഗണിച്ചും യുഡിഎഫ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നതിൽ കടുത്ത അതൃപ്തിയിൽ പിവി അൻവർ. ഷൗക്കത്ത് സ്ഥാനാർഥിയായി എത്തിയാൽ സ്വതന്ത്രനായി മത്സരിക്കാനാണ് പിവി അൻവറിന്റെ നീക്കം. മത്സരത്തിനില്ല എന്ന മുൻ തീരുമാനം പുനഃപരിശോധിക്കുമെന്ന് അൻവർ പറയുന്നു.
അൻവറിന്റെ സമ്മർദ തന്ത്രത്തിൽ വീഴാൻ നേരത്തെ കോൺഗ്രസ് തയ്യാറായിരുന്നില്ല. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് ഹൈക്കമാൻഡിന് കെപിസിസി കത്ത് നൽകിയിട്ടുണ്ട്. ഇതോടെയാണ് ആത്മാഭിമാനം സംരക്ഷിക്കാനായി നിലമ്പൂരിൽ അൻവർ മത്സരത്തിനൊരുങ്ങുന്നത്.
യുഡിഎഫ് ഏത് ചെകുത്താനെ നിർത്തിയാലും പിന്തുണക്കുമെന്ന പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് അൻവർ നിലപാട് മാറ്റുന്നത്. അൻവറിന്റെ നീക്കങ്ങൾ കോൺഗ്രസും ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്.