പുതുവര്‍ഷത്തില്‍ കായിക കലണ്ടറുമായി ഖത്തര്‍
ദോഹ: രാജ്യം പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന വേളയില്‍ കായിക മത്സരങ്ങളുടെ കലണ്ടറുമായി ഖത്തര്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ കലണ്ടറാണ് ഖത്തര്‍ പുറത്തിറക്കിയിരിക്കുന്നത്. 15 രാജ്യാന്തര കായിക മത്സരങ്ങളും ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് ഉള്‍പ്പെടെയുള്ള 84 കായിക മത്സരങ്ങളുടെയും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് 2025ലെ കായിക കലണ്ടര്‍.
ഖത്തറിന് ഈ വര്‍ഷം കായിക മത്സരങ്ങളുടേതാവുമെന്ന് തീര്‍ച്ച. പ്രാദേശികമായ 12 മത്സരങ്ങളും ജിസിസി രാജ്യങ്ങള്‍ മത്സരിക്കുന്ന ആറ് മത്സരങ്ങളും അറബ് രാജ്യങ്ങള്‍ മാറ്റുരക്കുന്ന ഒരു മത്സരവും ഒപ്പം ഏഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന 14 മത്സരങ്ങളുമാണ് 2025ല്‍ ഖത്തറിന്റെ മണ്ണില്‍ നടക്കുക.
ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബീച്ച് വോളിബോള്‍ മത്സരത്തോടെയാണ് ഈ വര്‍ഷത്തെ കായിക മത്സരങ്ങള്‍ക്ക് തുടക്കമാവുക. മേയ് 17 മുതല്‍ 27 വരെ നടക്കുന്ന ഐടിഎഫ് വേള്‍ഡ് ടേബിള്‍ ടെന്നീസ് ചാംമ്പ്യന്‍ഷിപ്പ്, ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ്, ഡിസംബര്‍ ഒന്നുമുതല്‍ 18വരെ നടക്കുന്ന ഫിഫ അറബ് കപ്പ് എന്നിവയെല്ലാം ഖത്തറിലെ കായിക പ്രേമികള്‍ക്ക് മറക്കാനാവാത്ത വിരുന്നൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.