
ദോഹ: ആഴ്ചയുടെ അവസാനത്തില്‍ ഖത്തറില്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്നും മഴക്കും സാധ്യതയുള്ളതായും ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വാരാന്ത്യ ദിനങ്ങളിലാവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാവുക. ശക്തമായ കാറ്റുമുണ്ടാവുമെന്നതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവും. ഇതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുത്. ഒപ്പം കടലുമായി ബന്ധപ്പെട്ട ജല വിനോദങ്ങളില്‍നിന്നും പൊതുജനം വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ പലതിലും സാമാന്യ ഭേദപ്പെട്ട തണുപ്പാണ് അനുഭവപ്പെടുന്നത്. കുവൈത്തില്‍ കഴിഞ്ഞദിവസം 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് എട്ടു ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ദോഹയിലും ശരാശരി താപനില 12 ഡിഗ്രി സെല്‍ഷ്യസിനും 15 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. രാത്രി കാലങ്ങളില്‍ ഖത്തറിന്റെ പല ഭാഗങ്ങളിലും താപനില വീണ്ടും താഴുന്നുണ്ട്.