
ദോഹ: ഇന്ത്യ-ഖത്തര്‍ വ്യാപാരം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇരട്ടിയാക്കാന്‍ ധാരണ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നിലവിലെ 14.2 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാടുകള്‍ 28 മില്യണ്‍ ഡോളറാ (2.4 ലക്ഷം കോടി രൂപ)യി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്.
ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സാമ്പത്തിക രംഗത്തെ ഇടപെടലുകള്‍ മെച്ചപ്പെടുത്താനും യുവജന-കായിക രംഗങ്ങളില്‍ സഹകരിക്കാനുമുള്ള ധാരണപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാര്‍ പുതുക്കിയിട്ടുമുണ്ട്. ഇത് നിക്ഷേപം നടക്കുന്നവര്‍ക്ക് ഏറെ ഗുണകരമാവും. നിക്ഷേപകര്‍ തങ്ങള്‍ നിക്ഷേപം നടത്തുന്ന രാജ്യത്ത് മാത്രം നികുതി അടച്ചാല്‍ മതിയെന്നത് നേട്ടമാണ്. ഇതുവരെയും ഏത് രാജ്യത്തെ നിക്ഷേപകന്‍ ആണോ ആ വ്യക്തി അയാളുടെ രാജ്യത്തും നികുതി അടക്കണമെന്ന നിലപാട് മാറ്റുന്നതോടെ അധിക ബാധ്യത നിക്ഷേപകര്‍ക്ക് ഒഴിവാകും. ഇന്ത്യയും ഖത്തറും തമ്മില്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാറിലും ഒപ്പിട്ടിട്ടുണ്ട്.
ഖത്തറിനും ഇന്ത്യക്കും ഇടയില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്ന വിഷയത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീറും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. രാജ്യാന്തര ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ഇരു നേതാക്കളും ചര്‍ച്ചയ്ക്കിടെ അപലപിച്ചു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഇന്ത്യയില്‍ ഓഫീസ് തുടങ്ങാനുള്ള തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കാരാര്‍ ഉണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഖത്തര്‍ അമീറിന്റെ ഇന്ത്യ സന്ദര്‍ശനമെന്നത് ഏറെ പ്രാധാന്യത്തോടെയാണ് വ്യവസായ-വ്യാപാര-വാണിജ്യ രംഗങ്ങളിലെ വിദഗ്ധര്‍ നോക്കിക്കാണുന്നത്. ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ നയതന്ത്ര മന്ത്രാലയത്തിലെ ഓവര്‍സിസ് ഇന്ത്യന്‍ അഫയേഴ്‌സ് വിഭാഗം സെക്രട്ടറി അരുണ്‍കുമാര്‍ വെളിപ്പെടുത്തി.
ഖത്തര്‍ അമീറിനൊപ്പം വാണിജ്യ-വ്യവസായ മേഖലകളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘവും ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വന്‍ വിജയമായാണ് രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും ശൈഖ് തമീം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതി ഭവനില്‍ ഖത്തര്‍ അമീറിന് ്അതീവ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.