Kerala

കുടുംബ പ്രശ്‌നം തീർക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്; ലോറൻസിന്റെ മകളോട് ഹൈക്കോടതി

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകൾ ആശ ലോറൻസിന്റെ അപ്പീലിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. വേണമെങ്കിൽ സിവിൽ കോടതിയെ സമീപിക്കട്ടെയെന്നും അതല്ലെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ കോടതി ഇടപെട്ട് മധ്യസ്ഥനെ നിയോഗിക്കാമെന്നും കോടതി പറഞ്ഞു

ഇത്തരം വിഷയങ്ങൾ അധികനാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ചയാളോട് അൽപമെങ്കിലും ആദരവ് നൽകണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്‌കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറൻസിന്റെ ആവശ്യം. എന്നാൽ മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ആശ വീണ്ടും കോടതിയെ സമീപിക്കുന്നത്.

സെപ്റ്റംബർ 21ന് മരിച്ച എം എം ലോറൻസിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ അപ്പീലാണ് കോടതി ഇന്ന് പരിഗണിച്ചത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കൺവീനർ, ദീർഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 25 വർഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീർഘകാലം സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്നു എം എം ലോറൻസ്.

 

 

 

Related Articles

Back to top button
error: Content is protected !!