ചോദ്യക്കടലാസ് ചോർച്ച: ബിഹാറിൽ പ്രതിഷേധം ശക്തമാകുന്നു, പ്രശാന്ത് കിഷോറിനെതിരെ കേസ്
ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രശാന്ത് കിഷോർ അടക്കമുള്ള ജൻ സുരാജ് പാർട്ടി നേതാക്കൾക്കെതിരെയും പ്രതിഷേധം നടത്തിയ 700ഓളം പേർക്കെതിരെയും പോലീസ് കേസെടുത്തു
അനധികൃതമായി ആളുകളെ കൂട്ടം ചേരാൻ പ്രേരിപ്പിച്ചെന്നും ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസ്. പട്‌നയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത നുറുകണക്കിന് ഉദ്യോഗാർഥികൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തിരുന്നു. പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ മാർച്ച് നടത്തിയത്
ഡിസംബർ 13ന് നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നെന്നാണ് ആരോപണം. കഴിഞ്ഞ പത്ത് ദിവസമായി പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്. എന്നാൽ പരീക്ഷ റദ്ദാക്കില്ലെന്നും ആരോപണം തെളിയിക്കുന്നതിനുള്ള വസ്തുതകൾ കണ്ടെത്താനായിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.