ചെങ്കോട്ടയിൽ എത്താതെ രാഹുലും ഖാർഗെയും; പാക്കിസ്ഥാൻ സ്‌നേഹമെന്ന് ബിജെപി

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയും. കഴിഞ്ഞ വർഷത്തെ ഇരിപ്പട ക്രമീകരണത്തിലെ നീരസമാണ് രാഹുൽ ഗാന്ധി പരിപാടിയിൽ നിന്ന് വിട്ടുനിന്നതിന് കാരണമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോൺഗ്രസ് നടത്തിയിട്ടില്ല
പ്രോട്ടോക്കോൾ പ്രകാരം പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് ഇരിപ്പടം നൽകേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം പിന്നിൽ നിന്നും രണ്ടാമത്തെ മാത്രം നിരയിലാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പടം നൽകിയത്. ഒളിമ്പിക്‌സ് താരങ്ങൾക്കായി നടത്തിയ ഇരിപ്പട ക്രമീകരണത്തെ തുടർന്നാണ് അത് സംഭവിച്ചതെന്നാണ് കേന്ദ്രം പറഞ്ഞത്
അന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, എസ് ജയശങ്കർ എന്നിവരാണ് അന്ന് മുൻനിരയിലുണ്ടായിരുന്നത്. അതേസമയം ഇത്തവണ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെതിരെ ബിജെപി രംഗത്തുവന്നു. ഇതൊരു ദേശീയ ആഘോഷമായിരുന്നുവെന്നും പാക്കിസ്ഥാനെ സ്‌നേഹിക്കുന്ന രാഹുൽ പങ്കെടുക്കാത്തത് ദുഃഖകരമാണെന്നും ബിജെപി വിമർശിച്ചു