കേന്ദ്ര ബജറ്റിൽ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി
കേന്ദ്ര ബജറ്റിൽ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ. സാങ്കേതിക രംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉത്പാദനം കുറഞ്ഞെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത് യുവാക്കളാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞില്ല. യുപിഎ സർക്കാരിനോ എൻഡിഎ സർക്കാരിനോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉത്പാദനം കുറഞ്ഞു.
ഉത്പാദനമേഖലയെ നേരായി നയിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു. ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ചൈന ഇന്ത്യയേക്കാൾ 10 വർഷം മുന്നിലാണ്. ഇന്ത്യയിൽ കടന്നുകയറാൻ ചൈനക്ക് ധൈര്യം നൽകുന്നത് അവരുടെ വ്യാവസായിക വളർച്ചയാണ്. നമ്മുടെ ഡാറ്റകൾ സൂക്ഷിക്കുന്നത് വിദേശ കമ്പനികളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.