
കുവൈത്ത് സിറ്റി: കുവൈത്ത് കായിക ദിനത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കാളികളായത് 21,000ല്‍ അധികം ആളുകള്‍. അഞ്ചു കിലോമീറ്റര്‍ നടത്തമത്സരവും 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് മത്സരവുമായിരുന്നു ഇത്തവണത്തെ പ്രധാന ഹൈലൈറ്റ്. ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാ കോസ്വേയിലാണ് പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ പരിപാടി നടത്തിയത്.
പാരച്ച്യൂട്ട് പ്രദര്‍ശനങ്ങള്‍, ടീം മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, തത്സമയ പ്രകടനങ്ങള്‍ തുടങ്ങിയവയും സൈക്ലിങ്ങിനും നടത്ത മത്സരത്തിനൊപ്പം പരിപാടിയുടെ ഭാഗമായി നടന്നു. നാടോടി ബാന്‍ഡ് സംഘത്തിന്റെ പ്രകടനം, വൈവിധ്യമാര്‍ന്ന ഭക്ഷണം രുചിക്കാനുള്ള സ്റ്റോളുകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക വിനോദങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള സ്‌പോര്‍ട്‌സ് വില്ലേജ് ആയിരുന്നു മറ്റൊരു ആകര്‍ഷണം.
ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാ കോസ്‌വേ മുതല്‍ ഷുവൈഖ് തുറമുഖം വരെയായിരുന്നു നടത്ത മത്സരത്തിന്റെ വീഥി. വാശിയേറിയ സൈക്കിള്‍ മത്സരത്തിന്റെയും അവസാന പോയിന്റ് ഷുവൈഖ്് തുറമുഖമായിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ കായിക വിനോദങ്ങളോടുള്ള ആഭിമുഖ്യം വര്‍ദ്ധിക്കുകയാണെന്നാണ് പരിപാടിക്കെത്തിയ വന്‍ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നതെന്ന് ഇന്‍ഫര്‍മേഷന്‍-സാംസ്‌കാരിക-യുവജനകാര്യ സഹമന്ത്രി അബ്ദുല്‍ റഹ്മാന്‍ മുത്തൈരി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിശേഷിപ്പിച്ചു.