ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു. ഉത്തർ പ്രദേശിലെ കന്നൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്. ഇതോടെ 35 തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഗുരുതരമായി പരിക്കേൽക്കുന്നതിൽ നിന്ന് ഒരു തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായാണ്
ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. അപകടമുണ്ടാവുന്നതിന് മിനിട്ടുകൾക്ക് മുൻപ് ഒരാൾ നിർമ്മിതിയ്ക്ക് മുകളിലൂടെ നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇയാൾ നിർമ്മിതിയ്ക്ക് മുകളിൽ കേറുമ്പോഴേക്കും വലിയ ശബ്ദത്തോടെ ഇത് പൊളിഞ്ഞുവീഴുകയായിരുന്നു. നിർമ്മിതി പൊളിഞ്ഞുവീഴുമ്പോൾ ഇയാൾ വേഗത്തിൽ ഓടിരക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. കോൺക്രീറ്റ് ഉറയ്ക്കുന്നത് വരെ താത്കാലികമായി കെട്ടിനിർത്തിയിരുന്നതാണ് ഈ നിർമ്മിതി. ഇതാണ് തകർന്നുവീണത്.
35 തൊഴിലാളികളാണ് ഈ സമയത്ത് ഇവിടെ നിർമ്മാണപ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്. അടൽ മിഷൻ ഫോർ റെജുവെനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷന് കീഴിലാണ് കന്നൗജ് റെയിൽവേ സ്റ്റേഷനിൽ പുതിയ ടെർമിനലിൻ്റെ നിർമ്മാണം നടക്കുന്നത്. അവശിഷ്ടങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 23 പേരെ ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. ഇതിൽ 20 പേർക്ക് നിസ്സാര പരിക്കുകളുണ്ട്, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെയൊക്കെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാദൗത്യം അവസാനിച്ചതിന് ശേഷം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്തര നിവാരണ സമിതികൾ സ്ഥലത്തെത്തിയിട്ടുണ്ട്.
നിർമ്മിതി തകർന്നുവീണപ്പോൾ അതിലുണ്ടായിരുന്ന എല്ലാവരും നിലത്തുവീണു. ഞാൻ അതിൻ്റെ അറ്റത്ത് നിൽക്കുകയായിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. കോൺക്രീറ്റൊക്കെ അവിടെ ചിതറിവീണു.”- അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുകേഷ് കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ കുടുങ്ങിയവരെ എത്രയും വേഗം പുറത്തെത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. സംഭവത്തിൽ അതിയായ ഖേദമുണ്ടെന്നും അന്വേഷണം പ്രഖ്യാപിച്ചു എന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. “വളരെ ദൗർഭാഗ്യകരമായ അപകടമാണുണ്ടായത്. സംഭവത്തിൽ നടപടിയെടുക്കും. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.”- അശ്വിനി വൈഷ്ണവ് പറഞ്ഞു.