തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തിരിച്ചുവരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ വരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമായേക്കും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും തന്നെ കാര്യമായ മഴ മുന്നറിയിപ്പുകള്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ നവംബര്‍ ഒന്ന് മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉള്‍പ്പെടെയുള്ള മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
പുതുക്കിയ മഴ മുന്നറിയിപ്പുകള്‍ അനുസരിച്ച് നവംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലവിലുണ്ടാവുക. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും നവംബര്‍ 3ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.