റമദാന് മുന്‍കരുതല്‍ പരിശോധന; സമൂസ നിര്‍മാണ യൂണിറ്റ് അടപ്പിച്ചു
റിയാദ്: പരിശുദ്ധ റമദാന് മാസത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനയില്‍ സമൂസ നിര്‍മാണ യൂണിറ്റുകള്‍ അധികൃതര്‍ അടപ്പിച്ചു. ഭക്ഷ്യ നിര്‍മാണ – വില്‍പ്പന സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ജിദ്ദയിലെ ഉമ്മുല്‍ സലാം മുനിസിപ്പാലിറ്റിയിലെ അല്‍ വാഹയില്‍ പ്രവര്‍ത്തിച്ചിരുന്ന സമൂസ നിര്‍മാണ സ്ഥാപനം അധികൃതര്‍ അടച്ചുപൂട്ടിയത്.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സമൂസ ഷീറ്റുകളും മറ്റ് റമദാന് വിഭവങ്ങളും നിയമവിരുദ്ധമായി ഉത്പാദിപ്പിച്ച സ്ഥാപനമാണ് അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിലെ വിവിധ റസ്റ്റോറന്റുകള്‍ക്കും കഫറ്റീരിയകള്‍ക്കും സമൂസ ഷീറ്റുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സ്ഥാപനമാണ് മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.