Kerala
മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം. ഓട്ടോ ഡ്രൈവറായ രഞ്ജിത്തിനാണ് നടുറോഡിൽ വെച്ച് വെട്ടേറ്റത്.
പച്ചക്കറി കച്ചവടക്കാരനായ പ്രസാദ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പോലീസിൽ പരാതി ലഭിച്ചിട്ടില്ല. രണ്ട് പേർ ചേർന്ന് പരസ്പരം ആക്രമിക്കുന്നതും ഒരു സ്ത്രീ വന്ന് തടയാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.