വീണ്ടും രക്ഷാദൗത്യം: നിതീഷ് കുമാർ റെഡ്ഡിക്ക് സെഞ്ച്വറി, വാഷിംഗ്ടൺ സുന്ദറിന് അർധശതകം
ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും നിതീഷ് കുമാർ റെഡ്ഡിയുടെ രക്ഷാദൗത്യം. തകർന്നടിഞ്ഞ ഇന്ത്യ ഫോളോ ഓൺ ഭീഷണിയുമായി നിൽക്കുമ്പോഴാണ് നിതീഷ് തന്റെ ബാറ്റിംഗ് പ്രകടനം വീണ്ടുമെടുത്തത്. ഒടുവിൽ തന്നെ കന്നി സെഞ്ച്വറിയിലേക്കും ആ പ്രകടനം എത്തിക്കാൻ താരത്തിന് സാധിച്ചു. 171 പന്തിലായിരുന്നു നിതീഷ് ആദ്യ ടെസ്റ്റ് സെഞ്ച്വറി തികച്ചത്.
വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തി വെക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ്. 176 പന്തിൽ 10 ഫോറും ഒരു സിക്‌സും സഹിതം 105 റൺസുമായി നിതീഷും രണ്ട് റൺസുമായി മുഹമ്മദ് സിറാജുമാണ് ക്രീസിൽ. ഇന്ത്യ ഇപ്പോഴും ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 116 റൺസ് പിന്നിലാണ്
164ന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 191ൽ നിൽക്കെ 28 റൺസെടുത്ത റിഷഭ് പന്ത് പുറത്തായി. സ്‌കോർ 221ൽ 17 റൺസെടുത്ത രവീന്ദ്ര ജഡേജയും പുറത്താകുമ്പോൾ ഇന്ത്യക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഫോളോ ഓൺ ഭീഷണി മുന്നിൽ കണ്ട ഇന്ത്യയെ നിതീഷും വാഷിംഗ്ടൺ സുന്ദറും ചേർന്നുള്ള കൂട്ടുകെട്ടാണ് കര കയറ്റിയത്
ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 127 റൺസ്. അർധസെഞ്ച്വറി തികച്ചതിന് പിന്നാലെ വാഷിംഗ്ടൺ സുന്ദർ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 348ൽ എത്തിയിരുന്നു. ഈ സമയം 99 റൺസുമായി നീതീഷ് മറുവശത്ത്. പിന്നാലെ ക്രീസിലെത്തിയ ബുമ്ര നേരിട്ട മൂന്നാം പന്തിൽ പുറത്തായതോടെ ഇന്ത്യക്ക് 9ന് 350 റൺസ് എന്ന നിലയിലേക്ക് വീണു
കമ്മിൻസിന്റെ ബാക്കിയുള്ള മൂന്ന് പന്തുകളും പ്രതിരോധിക്കേണ്ടത് മുഹമ്മദ് സിറാജ്. ഇതോടെ ആരാധകരും ആശങ്കയിലായി. നിതീഷിന് അർഹതപ്പെട്ട സെഞ്ച്വറി നഷ്ടമാകുമോയെന്ന ഭീതിയിലായിരുന്നു ഏവരും. പക്ഷേ മനോഹരമായി മൂന്ന് പന്തും സിറാജ് പ്രതിരോധിച്ചതോടെ മറുവശത്ത് ആശ്വാസത്തോടെ നിതീഷും കൈ ഉയർത്തി കാണിച്ചു.
തൊട്ടടുത്ത ഓവറിൽ തന്നെ ബൗണ്ടറി കടത്തി നിതീഷ് സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിൻസും സ്‌കോട്ട് ബോളണ്ടും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. നഥാൻ ലിയോൺ ഒരു വിക്കറ്റെടുത്തു