ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും
കൊൽക്കത്ത ആർജികർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയിൽ വാദം കേട്ട ശേഷമാകും കൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി വിധി പറയുന്നത്.
കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്ന് സിബിഐ വിചാരണക്കോടതിയിൽ ആവശ്യപ്പെടും. ഏറ്റവും വലിയ ശിക്ഷയാണ് നൽകുന്നതെങ്കിൽ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നൽകുന്നതെങ്കിൽ ജീവപര്യന്തവും നൽകുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി പറഞ്ഞത്.
കൊലപാതകത്തിന് വധശിക്ഷയും മറ്റ് രണ്ട് കുറ്റങ്ങൾക്കായി ഇരട്ട ജീവപര്യന്തവും പ്രതിക്ക് ശിക്ഷ ലഭിച്ചേക്കാം. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാർഥിനിയെ ആർജി കർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു