ചോറ് ഇവിടെയും കൂറ് അവിടെയും; തൃശ്ശൂർ മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന് വിഎസ് സുനിൽകുമാർ
തൃശ്ശൂർ മേയർ എംകെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി വിഎസ് സുനിൽകുമാർ. ബിജെപിയിൽ നിന്ന് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശ്ശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് സുനിൽകുമാർ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി മേയർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചതാണെന്നും സുനിൽകുമാർ പറഞ്ഞു
ബിജെപി സംസ്ഥാന പ്രസിഡന്റിൽ നിന്ന് കേക്ക് സ്വീകരിച്ചത് തീർത്തും നിഷ്‌കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു. എൽഡിഎഫ് മേയർ ആയിരിക്കുമ്പോൾ മുന്നണിയുടെ രാഷ്ട്രീയത്തോട് കൂറ് പുലർത്തണം. അതുണ്ടാകുന്നില്ലെന്നും സിപിഐ നിലപാട് അന്നും ഇന്നും വ്യക്തമാണെന്ന് വിഎസ് സുനിൽകുമാർ. ബിജെപി സ്ഥാനാർഥിക്ക് വേണ്ട് നേരിട്ടും പരോക്ഷമായും പ്രവർത്തിച്ചു. കേക്ക് കൊടുത്തതിൽ കുറ്റം പറയുന്നില്ല. എന്നാൽ തൃശൂർ മേയർക്ക് മാത്രം കേക്ക് കൊണ്ടു പോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്ന് സുനിൽകുമാർ പറയുന്നു.
ഇതിൽ അത്ഭുതം തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എംകെ വർഗീസിനെ സന്ദർശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വിഎസ് സുനിൽകുമാർ വിമർശനവുമായി രംഗത്തെത്തിയത്.